Friday, June 25, 2010

ആശ്വാസകരമാണീ മാറ്റം, ഒപ്പം പ്രതീക്ഷയും..

മുമ്പ് ഒരു പോസ്റ്റില്‍, കാര്‍ഡടിച്ച് ഭിക്ഷാടനം നടത്തുന്നവരുടെയും അതിലെ പൊള്ളത്തരത്തെയും, അതിന്റെ സാധ്യതയെയും കുറിച്ച് ഞാന്‍ പറഞ്ഞിരുന്നല്ലോ. ഇവിടെ പറഞ്ഞുവെക്കുന്നത്, ആ കാഴ്ചയ്ക്ക് സംഭവിച്ച ആശ്വാസകരമായ മാറ്റമാണ്. മുമ്പ് പൊള്ളവാക്കുകള്‍ നിറഞ്ഞ കാര്‍ഡ് വിതരണം ചെയ്ത് കാര്‍ഡ് കിട്ടിയവന്റെ പരിഹാസവചനങ്ങള്‍ കേട്ട് സ്വല്പം കുറ്റബോധത്തോടെ (മനസാക്ഷിയുള്ളവര്‍ക്ക്) ഭിക്ഷാടനം നടത്തിയിരുന്ന ഒരു സ്ത്രീയും കുഞ്ഞും അതാണിന്നത്തെ വിഷയം. അവരുടെ ചരിത്രത്തിലേക്കുള്ള യാത്രയല്ല എന്റെ കാഴ്ചയ്ക്കുള്ളിലെ ചില കാര്യങ്ങള്‍ മാത്രമാണ്.
ഏറെക്കാലത്തിനുശേഷമാണ് ആ സ്ത്രീയെയും കുഞ്ഞിനെയും (കുഞ്ഞ് വേറെയാണ്) കണ്ടത്. ഇനി കാര്‍ഡ് തന്നവര്‍ക്കെല്ലാം ഒരേ മുഖച്ഛായയായി തോന്നുന്നതുകൊണ്ടാണോ എന്നറിയില്ല. അങ്ങനെയാണ് അവരെ കണ്ടപ്പോള്‍ എനിക്ക് തോന്നിയത്. എങ്കിലും അത്തരം കാര്‍ഡിലിടലിന്റെ പെരുമാറ്റരീതികള്‍ അവരില്‍ പ്രകടമായിരുന്നു. പക്ഷേ, ഇന്നെന്റെ മടിത്തട്ടില്‍ വീണുകിടന്നത് പഴയതുപോലെ പരാ‍ധീനതകള്‍ നിറഞ്ഞ കാര്‍ഡല്ല, മറിച്ച് ഭാഗ്യാന്വേഷകരെ തേടിയിറങ്ങിയ സാക്ഷാല്‍ കേരളാഭാഗ്യക്കുറി. അതിന്റെ വില്പനയിലേക്ക് ആ സ്ത്രീ മാറിയിരിക്കുന്നു. ഈ മാറ്റം സമീപിക്കുന്നവന്റെയും ഉള്ളില്‍ പ്രകടമാണ്. വേണ്ട മോളെ എന്ന് മയത്തിലാണ് ചിലര്‍ പ്രതികരിച്ചത്. ശ്രദ്ധേയമായ മറ്റൊരു കാര്യം, കുഞ്ഞും ആ പ്രവൃത്തിയില്‍ അവരെ സഹായിച്ചുവെന്നതാണ്. ചിണുങ്ങുന്ന ഒരു കുഞ്ഞില്‍ നിന്ന് ഉത്സാഹിയായ ഒരു കുഞ്ഞിലേക്കുള്ള ഈ മാറ്റം കാര്‍ഡില്‍ നിന്ന് ഭാഗ്യക്കുറിയിലേക്കുള്ള മാറ്റം തന്നെയാണെന്ന് ഞാന്‍ കരുതുന്നു.
യാതൊരു കുറ്റബോധവും അവരെ തീണ്ടുന്നില്ല. ഒരു ജോലി ചെയ്യുന്നവളുടെ ആത്മവിശ്വാസം ആ സ്ത്രീ‍യില്‍ പ്രകടമായിരുന്നു. ഭാഗ്യക്കുറിയുടെ പരസ്യത്തില്‍ പറയുന്നപോലെ, അതിലെ സ്ത്രീകഥാപാത്രത്തിന്റെ ആത്മവിശ്വാസം ഇവരിലും പ്രകടമായിരുന്നു. എന്തായാലും ഈ കാഴ്ചയ്ക്ക് തുടര്‍ച്ചകള്‍ ഉണ്ടാവാന്‍ ഭാഗ്യക്കുറിക്ക് സാധിക്കട്ടെ. അത് കാണാന്‍ എനിക്കും. കാരണം, ഭിക്ഷാടനമാഫിയകളില്‍ നിന്ന് ഒരു വിഭാഗത്തെയെങ്കിലും മോചിപ്പിക്കാന്‍ ഭാഗ്യക്കുറിക്ക് സാധിച്ചാല്‍ അതില്‍പ്പരം സന്തോഷം മറ്റെന്തുണ്ട്?

No comments:

Post a Comment