Sunday, June 27, 2010

ലോഹിസാറിനു പ്രണാമത്തോടെ...

സംസ്ഥാന-ദേശീയ അവാര്‍ഡ് ജേതാവായ പ്രമുഖതിരക്കഥാകൃത്തും സംവിധയകനുമായിരുന്ന എ.കെ.ലോഹിതദാസ് നമ്മെ വിട്ടുപോയിട്ട് ജൂണ്‍ 28ന് ഒരുവര്‍ഷം തികയുന്നു. മലയാളസിനിമാലോകത്തിനും മലയാളസിനിമാപ്രേക്ഷകര്‍ക്കും സാംസ്കാരികലോകത്തിനും തീരാനഷ്ടമായി മാറിയിട്ട് ഒരു വര്‍ഷം തികയുന്നു.
മലയാളിയുടെ മനസ്സറിഞ്ഞ മലയാളത്തിന്റെ തനിമയുള്ള സിനിമകള്‍ നല്‍കിയ ഈ കലാകാരന്റെ ഓര്‍മ്മയുണര്‍ത്തുന്ന ഈ ദിനം നികത്താനാവാത്ത, പുനഃപ്രതിഷ്ഠ നല്‍കാന്‍ കഴിയാത്ത ഇടമാണ്, ശൂന്യതയാണ് മലയാളിക്കും മലയാളസിനിമാലോകത്തിനും സമ്മാനിച്ചത്.
സാമൂഹികപ്രതിബദ്ധതയുള്ള ഈ കലാകാരന്റെ വിടവ് പ്രതിസന്ധി നേരിടുന്ന മലയാളസിനിമാലോകത്തിനും സിനിമയെ സ്നേഹിക്കുന്ന പാവം പ്രേക്ഷകര്‍ക്കും ഇന്നും വലുതാണ്.

Friday, June 25, 2010

ആശ്വാസകരമാണീ മാറ്റം, ഒപ്പം പ്രതീക്ഷയും..

മുമ്പ് ഒരു പോസ്റ്റില്‍, കാര്‍ഡടിച്ച് ഭിക്ഷാടനം നടത്തുന്നവരുടെയും അതിലെ പൊള്ളത്തരത്തെയും, അതിന്റെ സാധ്യതയെയും കുറിച്ച് ഞാന്‍ പറഞ്ഞിരുന്നല്ലോ. ഇവിടെ പറഞ്ഞുവെക്കുന്നത്, ആ കാഴ്ചയ്ക്ക് സംഭവിച്ച ആശ്വാസകരമായ മാറ്റമാണ്. മുമ്പ് പൊള്ളവാക്കുകള്‍ നിറഞ്ഞ കാര്‍ഡ് വിതരണം ചെയ്ത് കാര്‍ഡ് കിട്ടിയവന്റെ പരിഹാസവചനങ്ങള്‍ കേട്ട് സ്വല്പം കുറ്റബോധത്തോടെ (മനസാക്ഷിയുള്ളവര്‍ക്ക്) ഭിക്ഷാടനം നടത്തിയിരുന്ന ഒരു സ്ത്രീയും കുഞ്ഞും അതാണിന്നത്തെ വിഷയം. അവരുടെ ചരിത്രത്തിലേക്കുള്ള യാത്രയല്ല എന്റെ കാഴ്ചയ്ക്കുള്ളിലെ ചില കാര്യങ്ങള്‍ മാത്രമാണ്.
ഏറെക്കാലത്തിനുശേഷമാണ് ആ സ്ത്രീയെയും കുഞ്ഞിനെയും (കുഞ്ഞ് വേറെയാണ്) കണ്ടത്. ഇനി കാര്‍ഡ് തന്നവര്‍ക്കെല്ലാം ഒരേ മുഖച്ഛായയായി തോന്നുന്നതുകൊണ്ടാണോ എന്നറിയില്ല. അങ്ങനെയാണ് അവരെ കണ്ടപ്പോള്‍ എനിക്ക് തോന്നിയത്. എങ്കിലും അത്തരം കാര്‍ഡിലിടലിന്റെ പെരുമാറ്റരീതികള്‍ അവരില്‍ പ്രകടമായിരുന്നു. പക്ഷേ, ഇന്നെന്റെ മടിത്തട്ടില്‍ വീണുകിടന്നത് പഴയതുപോലെ പരാ‍ധീനതകള്‍ നിറഞ്ഞ കാര്‍ഡല്ല, മറിച്ച് ഭാഗ്യാന്വേഷകരെ തേടിയിറങ്ങിയ സാക്ഷാല്‍ കേരളാഭാഗ്യക്കുറി. അതിന്റെ വില്പനയിലേക്ക് ആ സ്ത്രീ മാറിയിരിക്കുന്നു. ഈ മാറ്റം സമീപിക്കുന്നവന്റെയും ഉള്ളില്‍ പ്രകടമാണ്. വേണ്ട മോളെ എന്ന് മയത്തിലാണ് ചിലര്‍ പ്രതികരിച്ചത്. ശ്രദ്ധേയമായ മറ്റൊരു കാര്യം, കുഞ്ഞും ആ പ്രവൃത്തിയില്‍ അവരെ സഹായിച്ചുവെന്നതാണ്. ചിണുങ്ങുന്ന ഒരു കുഞ്ഞില്‍ നിന്ന് ഉത്സാഹിയായ ഒരു കുഞ്ഞിലേക്കുള്ള ഈ മാറ്റം കാര്‍ഡില്‍ നിന്ന് ഭാഗ്യക്കുറിയിലേക്കുള്ള മാറ്റം തന്നെയാണെന്ന് ഞാന്‍ കരുതുന്നു.
യാതൊരു കുറ്റബോധവും അവരെ തീണ്ടുന്നില്ല. ഒരു ജോലി ചെയ്യുന്നവളുടെ ആത്മവിശ്വാസം ആ സ്ത്രീ‍യില്‍ പ്രകടമായിരുന്നു. ഭാഗ്യക്കുറിയുടെ പരസ്യത്തില്‍ പറയുന്നപോലെ, അതിലെ സ്ത്രീകഥാപാത്രത്തിന്റെ ആത്മവിശ്വാസം ഇവരിലും പ്രകടമായിരുന്നു. എന്തായാലും ഈ കാഴ്ചയ്ക്ക് തുടര്‍ച്ചകള്‍ ഉണ്ടാവാന്‍ ഭാഗ്യക്കുറിക്ക് സാധിക്കട്ടെ. അത് കാണാന്‍ എനിക്കും. കാരണം, ഭിക്ഷാടനമാഫിയകളില്‍ നിന്ന് ഒരു വിഭാഗത്തെയെങ്കിലും മോചിപ്പിക്കാന്‍ ഭാഗ്യക്കുറിക്ക് സാധിച്ചാല്‍ അതില്‍പ്പരം സന്തോഷം മറ്റെന്തുണ്ട്?

Monday, June 21, 2010

ആവേശമായി, പ്രചോദനമായി...

ങ്ങളുടെ വായനശാല കുട്ടികള്‍ക്ക്  നടത്തിയ സാഹിത്യപ്രശ്നോത്തരി വിശേഷങ്ങള്‍ ഇവിടെ പറഞ്ഞുവെക്കാമെന്നു കരുതിയതിനു കാരണം അവരുടെ ആവേശം പങ്കുവെക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ്. എല്‍.പി സ്കൂള്‍ മുതല്‍ ഹൈസ്കൂള്‍ തലം വരെയുള്ള കുട്ടികള്‍ക്ക് നല്‍കിയ പ്രശ്നോത്തരിയില്‍ 50 മാര്‍ക്കിനായിരുന്നു ചോദ്യങ്ങള്‍. അതില്‍ 10 മാര്‍ക്കിന് കേട്ടെഴുത്തായിരുന്നു. 40 മാര്‍ക്കില്‍ 31 വരെ മാര്‍ക്ക് നേടിയ കുട്ടികള്‍ ഉണ്ടായിരുന്നു. കേട്ടെഴുത്തില്‍ മുഴുവന്‍ ശരിയാക്കിയ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നു. അത് വളരെയധികം  സന്തോഷം നല്‍കി. പ്രശ്നോത്തരിയില്‍ ചോദ്യത്തിന്റെ നേര്‍വഴിക്കല്ലെങ്കിലും അനുബന്ധവഴികളിലൂടെ അവര്‍ക്ക് ഉത്തരങ്ങള്‍ പലതും അറിയാമായിരുന്നു. ഒരു ഉത്തരം പോലും പാഴായില്ല. എടുത്തുപറയേണ്ടതെന്നു് കരുതുന്ന ഒരു കാ‍ര്യം ഇതിലൊരു കൊച്ചുകൂട്ടുകാരന്‍(മൂന്നാം ക്ലാസ്സിലാണ്) മറ്റാര്‍ക്കും കിട്ടാതിരുന്ന ഉത്തരം ഞങ്ങള്‍ കൊടുത്ത സൂചനകളുടെ സഹായമില്ലാതെതന്നെ നേടിയെടുത്തു എന്നത് വളരെയധികം സന്തോഷം പകര്‍ന്നു. ഒപ്പം കൌതുകവും.
സത്യത്തില്‍ കൂട്ടുകാരുടെ ആവേശം പ്രശ്നോത്തരി നയിച്ച ഞങ്ങള്‍ക്കും ആവേശം നല്‍കിയെന്നു് മാത്രമല്ല, അവരോടൊപ്പം കൂടുതല്‍ പരിപാടികള്‍ നടത്താനും അത് ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ഞങ്ങള്‍ നടത്തിയ പ്രശ്നോത്തരി മൂലം ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളും പരിചയപ്പെടാനും ചിലര്‍ക്കെങ്കിലും വരുംകാലങ്ങളില്‍ പരിചിതചോദ്യമായി അത് മാറുമെന്ന വിശ്വാസത്തോടെയാണ് ഞങ്ങള്‍ പിരിഞ്ഞത്. അടുത്ത പരിപാടികളിലും ഈ ആവേശം തുടര്‍ന്നുപോകാന്‍ പറ്റുന്ന പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിയണമേയെന്ന പ്രാര്‍ത്ഥനയിലാണ് ഞങ്ങള്‍. അതിനുള്ള ചിന്തകളിലാണ് ഞങ്ങള്‍.

Friday, June 18, 2010

വീണ്ടുമൊരു വായനാദിനം കൂടി....

വായിച്ചാലും വളരും,
വായിച്ചില്ലേലും വളരും.
വായിച്ചു വളര്‍ന്നാല്‍ വിളയും,
വായിക്കാതെ വളര്‍ന്നാല്‍ വളയും.”
എന്ന് പറഞ്ഞ കുഞ്ഞുണ്ണിമാഷ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു കഴിഞ്ഞു. പക്ഷേ, ആ വാക്കുകള്‍ ഇന്നും മലയാളി (മലയാളത്തെ സ്നേഹിക്കുന്നവന്‍ എന്നിവിടെ അര്‍ത്ഥം) മനസ്സില്‍ കൊണ്ട് നടക്കുന്നു. ആ വാക്കുകളെ ഓര്‍മ്മിപ്പിക്കുന്ന ഒരു വായനാദിനം കൂടി വന്നെത്തിയിരിക്കുന്നു. ഓരോ വായനാദിനത്തിലും പങ്കുവെക്കുന്ന ആശങ്കകള്‍ വായനയെക്കുറിച്ചാണ്. എന്തുകൊണ്ട് വായനയ്ക്ക് പഴയ പ്രതാപം ഇല്ല എന്നും അതെങ്ങനെ നമുക്ക് വീണ്ടെടുക്കാന്‍ സാധിക്കും എന്നത് പല രീതിയില്‍ പലരും പറഞ്ഞുവെക്കുന്ന ദിനമായി വായനാദിനം മാറിയെന്നു വേണമെങ്കില്‍ പറയാം. വായനശാലാസംസ്കാരം മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നതിനു വലിയ പങ്കു വഹിച്ച ഗ്രന്ഥശാലാ‍ സംഘത്തിന്റെ ആദ്യകാലസെക്രട്ടറിയുമായിരുന്ന പി.എന്‍.പണിക്കരുടെ ഓര്‍മ്മയായി ആചരിക്കുന്ന ഈ ദിനത്തോടനുബന്ധിച്ച് ജൂണ്‍ 19 മുതല്‍ 26 വരെയുള്ള തീയതികള്‍ വായനാവാരമായി ആചരിക്കുന്നു. ഹൈസ്ക്കൂള്‍ തലത്തില്‍ വായനാമത്സരവും ഇതോടനുബന്ധിച്ച് നടത്തുന്നു. ഈ വര്‍ഷത്തെ ഹൈസ്ക്കൂള്‍തലവായനാമത്സരം ജൂണ്‍ 28നാണ്.

Wednesday, June 16, 2010

സൌഹൃദങ്ങളുടെ സാങ്കേതികപാഠം

സൌഹൃദക്കൂട്ടായ്മകളുടെ സാങ്കേതികപാഠത്തിനു് വഴങ്ങിയത് വളരെ വൈകിയായിരുന്നു. കമ്പ്യൂട്ടര്‍ ഫീല്‍ഡില്‍ ആയിരുന്നെങ്കിലും സൌഹൃദങ്ങളുടെ മേച്ചില്‍പ്പുറങ്ങള്‍ക്ക് ഈ സാധ്യത ഉപയോഗിക്കാന്‍ ഒരു വിമുഖത ഞാന്‍ കാണിച്ചിരുന്നു. ആ വിമുഖത എന്നെ നഷ്ടബോധത്തിലേക്കാണ് നയിച്ചത്. കാരണം പലപലമേഖലയില്‍ സൌഹൃദം പങ്കുവെച്ചവരെ വീണ്ടെടുത്തത് ഞാനിവിടെയായിരുന്നു. പുതിയ ബന്ധങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതോടൊപ്പം പഴയ ബന്ധങ്ങളെ കണ്ടെത്തുകയും ചെയ്യാന്‍ ഇവിടെ സാധിച്ചു. കാലങ്ങള്‍ക്ക് ശേഷമുള്ള ആശയവേദനങ്ങളോട് വളരെ ആവേശത്തോടെ പലരും പ്രതികരിച്ചത് സന്തോഷം നല്‍കി. ആദ്യ ആവേശം വാക്കുകള്‍ക്ക് പരിമിതി നല്‍കിയെങ്കിലും അവരുടെ വിശേഷങ്ങള്‍ അവരോട് ചോദിക്കാതെതന്നെ അറിയാന്‍ എനിക്കിവിടെ  സാധിക്കുന്നു. ഇതിനിടയില്‍ ഔപചാരികശബ്ദം മാത്രം ഉപയോഗിച്ച ചിലരുണ്ടെങ്കിലും എന്നെ വളരെ നവീകരിക്കുന്നുണ്ട് ഈ സൌഹൃദങ്ങള്‍. ചില സൌഹൃദങ്ങള്‍ തേടിയെത്തുന്നതോടൊപ്പം വിശേഷങ്ങള്‍ അറിയുന്നതിനിടയ്ക്ക് സമാനമനസ്കരെന്ന് തോന്നുന്ന ചിലരെ കണ്ടുമുട്ടാനും സൌഹൃദം സൃഷ്ടിക്കാനും എനിക്ക് ഈ കൂട്ടായ്മയില്‍ സാധിക്കുന്നു. എന്റെ പഴയ സൌഹൃദങ്ങളെ ഇങ്ങനെ പുനഃസൃഷ്ടിക്കാമെന്ന തോന്നല്‍ എന്നെയിന്നു് വളരെയധികം ആവേശം കൊള്ളിക്കുന്നുണ്ട്.

Kindle Wireless Reading Device (6" Display, Global Wireless, Latest Generation) 

Monday, June 14, 2010

കാര്‍ഡ് ജീവിതം

സു്യാത്രയ്ക്കിടയിലോ മുമ്പോ നിരവധിപേര്‍ ബസില്‍ കയറിയിറങ്ങാറുണ്ടു്. അവരില്‍ ചിലര്‍ യാത്ര എന്ന ആവശ്യത്തിനല്ല ബസില്‍ കയറുന്നത്. കടലയും ഇഞ്ചിമിഠായിയും വില്‍ക്കുന്നവരും ചളിപിടിച്ച കാര്‍ഡുകള്‍ നല്‍കി വിവിധരൂപത്തിലുള്ള ഭിക്ഷക്കാരും അവരില്‍പ്പെടും. കാര്‍ഡുകളിലെ വാക്കുകള്‍ പലപ്പോഴും ഏകദേശം ഒന്നായിരിക്കും. ഒരേസമയം ഭാര്യയ്ക്ക് ഭര്‍ത്താവ് അപകടത്തില്‍പ്പെടുകയും ഭര്‍ത്താവിനു് ഭാര്യ നിത്യരോഗിണിയാവുകയും ചെയ്യുമെന്നതാണ് രസകരമായ വസ്തുത. ഇങ്ങനെ പരസ്പരം രോഗിയാവുകയും ഭിക്ഷ തേടുകയും ചെയ്യുന്ന ഇവര്‍ പലപ്പോഴും മാഫിയകളുടെ പ്രതിനിധികളാവുകയും ചെയ്യാറുണ്ട്. ഇതുപറഞ്ഞപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട ഒരു രസകരമായ ഒരു സംഭവം ഓര്‍മ്മ വന്നത്.

Sunday, June 13, 2010

ആശ്വാസമായി... കൂടെ ദുരിതമായും

ങ്ങനെ കാത്തിരുന്നു ഒടുവില്‍ മഴയെത്തി. മഴയിലുടനീളം കാലവര്‍ഷത്തിന്റെ പെരുക്കല്‍ പ്രകടമായിരുന്നു. ജലദൌര്‍ലഭ്യം പ്രകടമായിരുന്ന മാസങ്ങള്‍ക്കുശേഷം കടന്നുവന്ന മഴ ഒരുപാടു് പേര്‍ക്ക് ആശ്വാസം പകരുന്നുണ്ട്. കഠിനമായ ചൂടില്‍ നിന്നുള്ള മോചനം കൂടിയായിരുന്നു മഴകൊണ്ടു് സാധിതമായത്. ഇങ്ങനെ ഒരുപാടുപേരില്‍ ആശ്വാസം പകരുന്ന ഈ മഴക്കാലം ദിവസങ്ങള്‍ കഴിയുമ്പോഴേക്കും കെടുതികളുടെ വിവരങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങുകയായി. കൂടെ കുറച്ചുകാലമായി മലയാളിയുടെ ജീവിതത്തില്‍ ഒഴിയാബാധയായി മാറിയ വിവിധതരം പനികളും. ജീവിതകാലം മുഴുവന്‍ പനിക്കെടുതിയുടെ മുഷ്ടിക്കുള്ളില്‍ ഞെരിയാന്‍ മാത്രം വിധിക്കപ്പെട്ട ഒരുപാട് ജന്മങ്ങള്‍ നമ്മുടെയിടയിലുണ്ട്. ഇത്തരം കാഴ്ചകള്‍ നമ്മുടെ മുമ്പില്‍ നിറഞ്ഞുനില്‍ക്കുന്നു. അതെ, മഴ ഒരേസമയം ആശ്വാസവും കദനവും ആയി മാറിമറിയുന്നു.

ആദ്യമൊഴി

ചില മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു.
എന്റെ ബ്ലോഗുകള്‍ക്ക്,
അവയുടെ വിലാസം മാറിയിരിക്കുന്നു.
എന്റെ രചനകള്‍ അടങ്ങിയ ബ്ലോഗ് ഇനി മുതല്‍
http://ezhutthonline.blogspot.com എന്ന വിലാസത്തിലും
ഇവിടം എന്ന ബ്ലോഗ്
http://ivitamonline.blogspot.com എന്ന വിലാസത്തിലും
ആയിരിക്കും ഉണ്ടായിരിക്കുക.
സഹകരിക്കുമല്ലോ...

എന്ന്,
സ്നേഹപൂര്‍വ്വം
ഗിജിശ്രീശൈലം ചേലേമ്പ്ര